കോതമംഗലം: കാമുകൻ അപകടത്തിൽ മരിച്ചതിന്റെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി. കോതമംഗലം വാരപ്പെട്ടി പഞ്ചായത്ത് ഇഞ്ചൂർ സ്വദേശിനിയാണ് മരിച്ചത്.
ഇഞ്ചൂർ സ്വദേശിനി ഹന്ന ജോണി (23), കോട്ടേകുടി ആണ് ഇന്നലെ (20-08-2026) ഉച്ചയോടെ മരിച്ചത്. വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു ഹന്ന.
ഹന്നയുടെ സുഹൃത്തും വിവാഹം നിശ്ചയിച്ചിരുന്ന ആളുമായ കോതമംഗലം മലയൻകീഴ് സ്വദേശി ആന്റണി തോമസ് (23) കഴിഞ്ഞ ദിവസമാണ് അപകടത്തിൽ മരിച്ചത്. വിദേശത്ത് ജോലി ചെയ്തു വരികയായിരുന്ന ആന്റണി ലീവിൽ നാട്ടിൽ എത്തിയതായിരുന്നു. കോതമംഗലം ടൗണിൽ ഗവ. ആശുപത്രിക്ക് സമീപം ബൈക്ക് മറ്റൊരു വാഹനത്തിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആന്റണി മരണപ്പെടുകയായിരുന്നു.
ഈ വിയോഗത്തിൽ മനംനൊന്താണ് ഹന്ന ജീവനൊടുക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്.
സംഭവത്തിൽ കോതമംഗലം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഒരു ദിവസത്തിന്റെ ഇടവേളയിൽ രണ്ട് ചെറുപ്പക്കാരുടെ മരണം ഇഞ്ചൂർ, മലയൻകീഴ് പ്രദേശങ്ങളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി.
കുറിപ്പ്: ആത്മഹത്യ ഒരു പ്രശ്നത്തിനുള്ള പരിഹാരമല്ല. മാനസിക പ്രയാസം അനുഭവിക്കുന്നവർ സഹായം തേടുക.
• സ്റ്റേറ്റ് മാനസികാരോഗ്യ ഹെൽപ്പ് ലൈൻ - ദിശ: 1056 • കേന്ദ്ര സർക്കാരിന്റെ ഹെൽപ്പ് ലൈൻ - കിരൺ: 1800-599-0019

Post a Comment