പാലക്കാട്: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നടത്തിയ പരാമർശം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷഹീർ ചാലിപ്പുറം പ്രസ്താവനയിൽ പറഞ്ഞു.
എൽ.ഡി.എഫ് സർക്കാർ പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച ഘട്ടം മുതൽ തന്നെ പദ്ധതിക്കെതിരെ എസ്.ഡി.പി.ഐ ശക്തമായ പ്രതിഷേധങ്ങളും ജനകീയ സമരങ്ങളും സംഘടിപ്പിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ എസ്.ഡി.പി.ഐ ഇപ്പോഴാണ് പ്രതിഷേധവുമായി രംഗത്തെത്തിയതെന്നോ നിലപാട് പുതുതാണെന്നോ ഉള്ള പ്രചാരണം യാഥാർഥ്യവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ മേഖലയുടെയും മതേതര വിദ്യാഭ്യാസ സംവിധാനത്തിന്റെയും അടിസ്ഥാന സ്വഭാവത്തെ ബാധിക്കുന്ന പദ്ധതിയായതിനാലാണ് എസ്.ഡി.പി.ഐ തുടക്കം മുതൽ പി.എം. ശ്രീ പദ്ധതിയെ എതിർക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങൾ, ബോധവത്കരണ പരിപാടികൾ, പൊതുയോഗങ്ങൾ എന്നിവയിലൂടെ പാർട്ടി ഇക്കാര്യത്തിൽ വ്യക്തവും സ്ഥിരതയാർന്നതുമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അന്നും ഇന്നും പാർട്ടിയുടെ നിലപാടിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങൾ ഉയർത്തുന്ന ആശങ്കകൾക്ക് മറുപടി നൽകുന്നതിനുപകരം വസ്തുതകൾ വളച്ചൊടിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണമെന്നും പി.എം. ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറുകയും പൊതുവിദ്യാഭ്യാസത്തിന്റെയും മതേതര മൂല്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നതുവരെ എസ്.ഡി.പി.ഐയുടെ ജനാധിപത്യപരമായ സമരങ്ങൾ തുടരുമെന്നും ഷഹീർ ചാലിപ്പുറം പ്രസ്താവനയിൽ അറിയിച്ചു.

Post a Comment