കോട്ടയം: കോട്ടയം പട്ടണത്തിന്റെ ചരിത്രവും പൈതൃകവും തേടി Roots& Roads ഒരു യാത്ര സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 27 രാവിലെ 8 മണിക്ക് കോട്ടയം തളിയിൽ ക്ഷേത്രസങ്കേതത്തിൽ വച്ച് "ആധുനിക കോട്ടയത്തിന്റെ ശില്പി"യായി കീർത്തികേട്ട ദിവാൻ ടി. രാമറാവുവിന്റെ പ്രപൗത്രനായ ആർ. പത്മനാഭറാവു ഫ്ലാഗ് ഓഫ് ചെയ്യുന്ന യാത്ര വൈകുന്നേരം 4.30-ന് നാട്ടകം അക്ഷരം മ്യൂസിയത്തിലെത്തി സമാപിക്കും.
പതിനഞ്ചാം നൂറ്റാണ്ടോടെ തളിക്കോട്ട ആസ്ഥാനമായി തെക്കുകൂർ രാജവംശം ജനപഥമായി വികസിപ്പിച്ച പഴയ കോട്ടയത്തെ അങ്ങാടികളും ആരാധനാലയങ്ങളും ചരിത്രസ്മാരകങ്ങളും പുരാവസ്തുശേഷിപ്പുകളും നേരിൽ കണ്ട് മനസിലാക്കിയ ശേഷം വിദ്യാഭ്യാസത്തിനും അച്ചടിക്കും അടിത്തറ പാകിയ പ്രമുഖ സ്ഥാപനങ്ങൾ സന്ദർശിക്കും. തുടർന്ന് തിരുനക്കര കേന്ദ്രീകരിച്ച് പത്തൊമ്പതാം നൂറ്റാണ്ടോടെ വികാസം പ്രാപിച്ച ആധുനിക കോട്ടയത്തിന്റെ പൈതൃകവിശേഷങ്ങൾ നേരിൽ കണ്ടറിയും.
അച്ചടിയുടെയും ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രം പറയുന്ന അക്ഷരം മ്യൂസിയം സന്ദർശിക്കുന്നതോടെ യാത്ര പൂർത്തിയാകും.


Post a Comment