ബസ്സിന്‌ സ്പീഡ് കുറവാണെന്നു പറഞ്ഞ് ആക്രമണം ; താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് തല്ലിത്തകർത്തു, ഡ്രൈവർക്ക് മർദനം

 




താമരശ്ശേരി: കെ.എസ്.ആർ.ടി.സി ബസിന് വേഗത പോരെന്ന് ആരോപിച്ച് യാത്രക്കാരൻ്റെ അഴിഞ്ഞാട്ടം. താമരശ്ശേരി ചുരത്തിൽ വച്ച് ബസിൻ്റെ ചില്ലുകളും ഹെഡ്‌ലൈറ്റും തല്ലിത്തകർക്കുകയും ചോദ്യം ചെയ്ത ഡ്രൈവറെ ക്രൂരമായി മർദിക്കുകയും ചെയ്ത വയനാട് പുൽപ്പള്ളി സ്വദേശി ഷൈജലിനെ (36) താമരശ്ശേരി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. തൃശ്ശൂരിൽ നിന്നും മൈസൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിന് (ATK 302) നേരെയായിരുന്നു ആക്രമണം. തിങ്കളാഴ്ച പുലർച്ചെ 1:30 ഓടെ ചുരത്തിൻ്റെ രണ്ടാം വളവിൽ വച്ചാണ് സംഭവം നടന്നത്. ചുരം കയറുന്നതിനിടെ ബസിൻ്റെ വേഗത കുറവാണെന്ന് പറഞ്ഞ് പ്രതി ഡ്രൈവറുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ പ്രതി ഡ്രൈവറെ മർദിച്ചു.തുടർന്ന് റോഡരികിൽ നിന്ന് കല്ലും കമ്പിയും സംഘടിപ്പിച്ചെത്തിയ ഇയാൾ ബസിൻ്റെ മുൻവശത്തെയും വലതുവശത്തെയും ചില്ലുകളും ഹെഡ്‌ലൈറ്റും അടിച്ചുതകർക്കുകയായിരുന്നു. ആക്രമണത്തിൽ ബസിൻ്റെ മുൻഭാഗത്തിന് കനത്ത കേടുപാടുകൾ സംഭവിച്ചു.അർധരാത്രിയിൽ ചുരത്തിൽ വച്ചുണ്ടായ അക്രമം കണ്ട് ഭയന്നുവിറച്ച ബസിലെ മറ്റ് യാത്രക്കാരും പ്രദേശത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരും ചേർന്നാണ് പ്രതിയെ തടഞ്ഞുവെച്ചത്. തുടർന്ന് താമരശ്ശേരി പൊലീസിൽ വിവരമറിയിക്കുകയും പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കയ്യാങ്കളിക്കിടെ പ്രതിയുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റ കെ.എസ്.ആർ.ടി.സി ഡ്രൈവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അർധരാത്രിയിൽ വഴിയിലായ യാത്രക്കാരെ കെ.എസ്.ആർ.ടി.സി അധികൃതർ ഇടപെട്ട് മറ്റൊരു ബസിലാണ് പിന്നീട് ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചത്. പൊതുമുതൽ നശിപ്പിച്ചതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന സർക്കാർ ജീവനക്കാരനെ അക്രമിച്ചതിനുമടക്കം വിവിധ വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

أحدث أقدم